
Insights
വിശുദ്ധരുടെ ജീവിതാദര്‍ശങ്ങള്‍
വിശുദ്ധാത്മാക്കളുടെ വ്യക്തിപരമായ ആത്മീയതയുടെ ഉള്ളറകളിലേക്ക് നമുക്കും പ്രവേശിക്കണമെങ്കില്‍ അവര്‍ ജീവിതത്തില്‍ സ്വീകരിച്ചിട്ടുള്ള ആദര്‍ശചിന്തകള്‍ ഏതാണെന്ന് ഗ്രഹിക്കണം.
വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജീവിതാദര്‍ശം: “ആത്മാക്കളെ എനിക്കു തരിക, ശേഷമെല്ലാം എടുത്തുകൊള്‍ക” എന്നതായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ദാഹമായിരുന്നു അദ്ദേഹത്തിന്റെ ആത്മീയതയുടെ കാതല്‍ തന്നെ. ഇതേ വാക്യം തന്നെയാണ് വിശുദ്ധ ഡോണ്‍ ബോസ്കോ തന്റെ വാതില്ക്കല് എഴുതി വച്ചിരുന്നതും. അദ്ദേഹം തന്റെ ജീവിതാദര്‍ശമായി സ്വീകരിച്ചത്. “ഇപ്പോള്‍ത്തന്നെ” എന്നതായിരുന്നു. ദൈവഹിതം നിറവേറ്റേണ്ട ഓരോ കാര്യത്തിലും “ഇപ്പോള്‍ത്തന്നെ” എന്നദ്ദേഹം ഉറപ്പായി തീരുമാനിച്ചിരുന്നു. ഒന്നും പിന്നീട് ചെയ്യുന്നതിനായി മാറ്റിവയ്ക്കാതെയും നാളെയാകട്ടെ എന്നു കരുതാതെയും അദ്ദേഹം കടമകള്‍ നിര്‍വ്വഹിച്ചു. യുവജനങ്ങള്‍ക്കായി, കുട്ടികള്‍ക്കായി, എല്ലാം ഇപ്പോള്‍ത്തന്നെ! കുമ്പസാരവും മാനസാന്തരവും “ഇപ്പോള്‍ത്തന്നെ” ആയിരിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു.
വിശുദ്ധ ഡൊമിനിക് സാവിയോ ജീവിതാദര്‍ശമായി തന്റെ ആദ്യകുര്‍ബാന സ്വീകരണവേളയില്‍ തെരഞ്ഞെടുത്തത് “പാപത്തേക്കാള്‍ മരണം” എന്ന തത്ത്വമായിരുന്നു. ഒരു പാപം ചെയ്യുക എന്നത് മരണത്തേക്കാള്‍ പ്രയാസകരമായി ആത്മാവ് കണ്ടിരുന്നു എന്നു സാരം.
വിശുദ്ധ ഫിലിപ്പുനേരി തന്റെ ജീ വിതാദര്ശമായി സ്വീകരിച്ചത് “ക്രിസ്തുവിന്റെ സ്നേഹത്തിനപ്പുറം മറ്റൊന്നും ആഗ്രഹിക്കാതിരിക്കുക” എന്നതായിരുന്നു.
“എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതായിരുന്നു വിശുദ്ധ പത്താം പിയൂസ് പാപ്പയുടെ ആദര്‍ശവാക്യം. വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയിലും ദാരിദ്ര്യാരൂപിയിലും ജീവിതത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. സഭയെ ക്രിസ്തുവിന്റെ ചൈതന്യത്തില്‍ നവീകരിക്കുകയായിരുന്നു പ്രവര്‍ത്തനലക്ഷ്യമായി കരുതിയത്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ തന്റെ ജീവിതാദര്‍ശമായി സ്വീകരിച്ചിരുന്നത്, “Totus tuus” “മുഴുവനായും അങ്ങയുടേതാണ്.” എന്നതായിരുന്നു. പരിശുദ്ധ അമ്മയോടുള്ള സമര്‍പ്പണമായിരുന്നു അത്. “അമ്മേ ഞാന്‍ പൂര്‍ണമായും അമ്മയുടേതാണ്.” ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അദ്ദേഹം ഇത് ഹൃദയപൂര്‍വ്വം ആവര്‍ത്തിച്ചിരുന്നു.
ലീമായിലെ വിശുദ്ധ റോസിന്റെ പ്രഖ്യാപിത ആദര്‍ശം “ഈശോയെ അങ്ങു മാത്രം മതി എനിക്ക്” എന്നതായിരുന്നു. എല്ലായ്പ്പോഴും അവള് ഇത് ഉരുവിട്ടുകൊണ്ടിരുന്നു.
ഉത്തര ആഫ്രിക്കയില്‍ മിഷനറിയായി ജീവിച്ച് ഈശോയ്ക്കായി ജീവന് ഹോമിച്ച വിശുദ്ധ ചാള്‍സ് ദി ഫുക്കോള്‍ഡിന്റെ ജീവിതാദര്‍ശം ഇങ്ങനെയായിരുന്നു: “ഇന്ന് ഒരു വേദസാക്ഷിയായി മരിക്കുകയാണെന്നു കരുതി ജീവിക്കുക.” അതിന്‍പ്രകാരം അദ്ദേഹം ജീവിച്ചപ്പോള്‍ ഏറ്റം തീക്ഷ്ണതയോടെ എല്ലാ കാര്യങ്ങളിലും വ്യാപരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഏറ്റം കര്‍ശനമായ പരിഹാരകൃത്യങ്ങള്‍, ഏറ്റം വലിയ ശൂന്യവല്ക്കരണത്തിന്റെ ജീവിതശൈലി, ഏറ്റം ലളിത ജീവിതവും ദാരിദ്ര്യാരൂപിയും! ഇവയൊക്കെയും ഈ ആദര്‍ശത്തോട് ചേര്‍ത്തുവച്ചിരുന്നു അദ്ദേഹം.
പാവങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ജീവിതാദര്‍ശം “എല്ലാക്കാര്യത്തിലും എല്ലാ നിമിഷവും ഈശോയെ പിന്‍ചെല്ലുക” എന്നതായിരുന്നു. അതിനായി അദ്ദേഹം സ്വയം പരിശോധന നടത്തിയ തത്ത്വം “എന്റെ സ്ഥാനത്ത് ഇപ്പോള്‍ ഈശോ ആയിരുന്നെങ്കില്‍ ഈ കൃത്യം എങ്ങനെ നിര്‍വ്വഹിക്കുമായിരുന്നു” എന്നതായിരുന്നു. അങ്ങനെ ജീവിതത്തിലെ ഓരോ കൃത്യവും കുറവുകൂടാതെ പൂര്‍ണതയില്‍ നിറവേറ്റാന്‍ അദ്ദേഹം യത്നിച്ചു.
സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന്റെ ജീവിതാദര്‍ശം “ക്രൂശിതനോട് ചേര്‍ന്ന് എന്റെ സ്നേഹം ക്രൂശിക്കപ്പെട്ടു” എന്നതായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്ന ബ്രിജിറ്റ് ആത്മാക്കളെ നേടാന്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി; എല്ലാം ആ സ്നേഹത്തെപ്രതി മാത്രമായിരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതാദര്‍ശം “ദൈവമാണ് എന്റെ അവകാശത്തിന്റെ ഓഹരി” എന്നതായിരുന്നു.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ ജീവിതതത്ത്വം “എന്റെ ദൈവം എന്റെ സര്‍വ്വസ്വവും” എന്നതായിരുന്നു. ഈ ലോകത്ത് നിസ്സാരനും ദരിദ്രനുമായി മാറിക്കൊണ്ട് ദൈവത്തില്‍ ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥവും അദ്ദേഹം കണ്ടെത്തി. വിശുദ്ധ കൊച്ചുത്രേസ്യ തന്റെ ജീവിതവും ആദര്‍ശവും സ്നേഹമെന്ന ഒറ്റവാക്കില്‍ ദര്‍ശിച്ചിരുന്നു. “തിരുസഭയ്ക്ക് ഒരു ഹൃദയമുണ്ടെന്നും ആ ഹൃദയം സ്നേഹത്താല്‍ എരിയുന്നതാണെന്നും ഞാന്‍ ഗ്രഹിച്ചു. ആ ഹൃദയത്തില്‍ ഞാന്‍ സ്നേഹമായിരിക്കും. എന്റെ ദൈവവിളി സ്നേഹമാണ്.” ഇപ്രകാരം വിശുദ്ധാത്മാക്കള്‍ സ്വര്‍ഗ്ഗം തേടിയുള്ള അവരുടെ യാത്രയില്‍ ആദര്‍ശപൂര്‍ണമായ ജീവിതം നയിച്ചു. ജീവിതത്തിന് നിയതമായ ആദര്ശനിഷ്ഠയില്ലെങ്കില് ജീവിതം വിജയകിരീടം ചൂടില്ല. ആത്മീയജീവിതത്തിലും ഇത് ഏറ്റം സത്യമാണ്.
Courtesy: സത്യദീപം